കോളേജിൽ പഠിയ്ക്കുന്ന തന്റെ മകളുടെ ബാഗിൽ കോണ്ടത്തിന്റെ പായ്ക്കറ്റ് കണ്ട് അയാൾ ഞെട്ടി..

കോളേജിൽ പഠിയ്ക്കുന്ന തന്റെ മകളുടെ ബാഗിൽ കോണ്ടത്തിന്റെ പായ്ക്കറ്റ് കണ്ട് അയാൾ ഞെട്ടി

വിറക്കുന്ന ഹൃദയത്തോടെ അമർഷത്തിന്റെയും സങ്കടത്തിന്റെയും കണ്ണീരോടെ അയാൾ ആ പായ്ക്കറ്റിൽ എഴുതിയിരിയ്ക്കുന്നത് വായിച്ചു

മൂഡ്സ് കോണ്ടംസ്
ജോയ് റൈഡ്

ആദ്യമായിട്ടാണ് അയാൾ തന്റെ മകളുടെ ബാഗ് പരിശോധിയ്ക്കുന്നത്

മുമ്പേ ഇങ്ങനെ പരിശോധിച്ചിരുന്നെങ്കിൽ തന്നിലെ അച്ഛന് ഇങ്ങനെയൊരു ഗതികെട്ട നിമിഷം അനുഭവിക്കേണ്ടി വരില്ലായിരുന്നു
അയാൾ മനസ്സിൽ പറഞ്ഞു

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ഐ സി യു വിൽ കിടക്കുന്ന തന്റെ മകൾക്ക് മരുന്ന് വാങ്ങാൻ ടൗണിലെ പരിചയക്കാരന്റെ മെഡിക്കൽ ഷോപ്പിൽ ചെന്നപ്പോൾ അയാളാണ് ഇക്കാര്യം പറഞ്ഞത്

ചേട്ടാ ഞാനൊരു കാര്യം പറഞ്ഞാൽ വിഷമം തോന്നരുത്

ഇല്ല നിങ്ങൾ ധൈര്യമായി പറഞ്ഞോളൂ

ചേട്ടന്റെ മകളും ഒരു പയ്യനും കൂടി ആ അപകടം പറ്റിയ ദിവസം ഷോപ്പിൽ വന്നിരുന്നു

പയ്യൻ ഷോപ്പിൽ നിന്ന് കോണ്ടം വാങ്ങി ചേട്ടന്റെ മകളുടെ കയ്യിൽ കൊടുത്തു
അവൾ ആരും അറിയാതെ ബാഗിൽ വച്ചു

എന്നിട്ട് ഇവിടന്ന് പോകുന്ന വഴിയാണ് ഹൈവേയിൽ വച്ച് അപകടം സംഭവിച്ചത്

ഒരു അച്ഛന് കേൾക്കാവുന്നതിനപ്പുറമായിരുന്നു അയാളുടെ വാക്കുകൾ

ഉള്ളിൽ തികട്ടി വന്ന ദേഷ്യത്തേയും സങ്കടത്തേയും അമർത്തിപ്പിടിച്ചു കൊണ്ട് ആ അച്ഛൻ ചോദിച്ചു

ആദ്യമായിട്ടാണോ അവർ അന്ന് വന്ന് കോണ്ടം വാങ്ങിയത് ?
അല്ലങ്കിൽ ഇടയ്ക്കിടെ വാങ്ങാറുണ്ടോ ?

എന്റെ ഷോപ്പിൽ നിന്ന് ആദ്യമായിട്ടാണ് വാങ്ങിയത്
മറ്റെവിടന്നെങ്കിലും വാങ്ങാറുണ്ടോ എന്നറിയില്ല

ഷോപ്പുടമയുടെ വാക്കുകൾ കേട്ട് അപമാനഭാരത്തോടെ തല കുനിച്ച് അയാൾ ആശുപത്രി ഐ സി യു വിനെ ലക്ഷ്യമാക്കി നടന്നു

ഐ സി യു വിന്റെ ഗ്ലാസ്സിലൂടെ തന്റെ മകളെ നോക്കി പല്ലിറുമിക്കൊണ്ട് അയാൾ പിറുപിറുത്തു

പിഴച്ചവൾ

ഇനിയും കൂടുതൽ നേരം മകളെ നോക്കി നിന്നാൽ തന്റെ നിയന്ത്രണം വിട്ടു പോകും എന്ന് തോന്നിയപ്പോൾ അയാൾ റൂമിലേയ്ക്ക് നടന്നു

റൂമിലെ കട്ടിലിൽ അയാൾ എല്ലാ സ്വപ്നങ്ങളും തകർന്ന ഒരു അച്ഛനായി കിടന്നു

ഞാനും ഈ പ്രായം കടന്നാണ് വന്നത്
അന്നൊക്കെ അയൽപക്കത്തുള്ളതും ഒരുമിച്ച് പഠിക്കുന്നതുമായ പെൺകുട്ടികളുമായി എത്രയോ നല്ല സൗഹൃദ ബന്ധങ്ങളായിരുന്നു

ചിലർക്കൊക്കെ പ്രണയങ്ങൾ ഉണ്ടായിരുന്നെങ്കിലും ശാരീരികമായ ബന്ധങ്ങളെപ്പറ്റിയൊന്നും അറിവില്ലായിരുന്നു
എല്ലാം മാനസ്സികമായ സൗഹൃദങ്ങളും പ്രണയങ്ങളുമായിരുന്നു

ആ പഴയ തലമുറയിൽ നിന്നും എത്രയോ വിഭിന്നവും വൃത്തികെട്ടതുമായ ബന്ധങ്ങളാണ് ഈ ന്യൂ ജനറേഷൻ തലമുറയിലെ കുട്ടികൾ കൊണ്ട് നടക്കുന്നത്

ഇപ്പോൾ മിക്കവാറും വാർത്തകൾ കൗമാരക്കാരുടെ പ്രണയവും ലൈഗികതയും അവിഹിതവും പീഡനവും മാത്രമാണ്
ഇങ്ങനെയുള്ള വാർത്തകൾ പലതും കേൾക്കുമ്പഴും അതിന്റെ തീവ്രത മനസ്സിലാക്കിയിരുന്നില്ല
എന്നാൽ ഇപ്പോൾ സ്വന്തം മകൾ അതും തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ മകന്റെ കൂടെ ഒരു സഹോദരനെപ്പോലെ കാണേണ്ടിയിരുന്ന പയ്യന്റെ കൂടെ
കഷ്ടം

മോളെ ഇന്ന് ഐ സി യു വിൽ നിന്ന് റൂമിലേയ്ക്ക് കൊണ്ടുവരും ട്ടാ
നഴ്സിന്റെ ശബ്ദം കേട്ടാണ് അയാൾ ചിന്തകളിൽ നിന്ന് ഉണർന്നത്

അര മണിക്കൂറിനുള്ളിൽ നഴ്സുമാർ മകളെ റൂമിലേയ്ക്ക് കൊണ്ടു വന്ന് കട്ടിലിൽ കിടത്തി

ബോധം പൂർണ്ണമായും തെളിഞ്ഞിട്ടില്ല
എന്തായാലും രണ്ട് മൂന്ന് ദിവസം ഇതുപോലെ മയക്കത്തിലായിരിക്കും
ഹെഡ് നെഴ്സ് പറഞ്ഞു

നഴ്സുമാർ പുറത്ത് പോയതും അയാൾ റൂമിന്റെ വാതിലടച്ച് കുറ്റിയിട്ടു

വിറയാർന്ന കൈകളാൽ ഒരു തലയിണയെടുത്തു

പിഴച്ച മക്കളാണ് മാതാപിതാക്കളുടെ ഏറ്റവും വലിയ ശാപം

തന്റെ മകൾ പിഴച്ചിരിക്കുന്നു
ഇനിയിവൾ ജീവിച്ചിരിക്കാൻ പാടില്ല

അയാൾ മയക്കത്തിൽ കിടക്കുന്ന മകളെ ശ്വാസം മുട്ടിച്ച് കൊല്ലുവാൻ വേണ്ടി മകളുടെ മുഖത്തേക്ക് തലയിണ അമർത്താൻ തുടങ്ങിയതും ആരോ വാതിലിൽ മുട്ടി

അയാൾ വേഗം തലയിണ മാറ്റി വച്ച് വാതിൽ തുറന്നു

ഹായ് അങ്കിൾ
എന്ന് പറഞ്ഞ് ശ്യാം അകത്തേയ്ക്ക് വന്നു

അവൾക്ക് എങ്ങനെയുണ്ട് അങ്കിൾ ?

ഇപ്പഴും അവൾ മയക്കത്തിലാണ് ശ്യാം
മയക്കം മാറാൻ രണ്ടിസം പിടിക്കും എന്നാണ് നഴ്സ് പറഞ്ഞത്

സോറി അങ്കിൾ
എന്റെ ഭാഗത്ത് നിന്നും ഇങ്ങനെ സംഭവിച്ചതിന്
ഞാൻ ശ്രദ്ധിച്ച് വണ്ടി ഓടിക്കേണ്ടതായിരുന്നു
പ്രത്യേകിച്ച് ഇവൾ പിന്നിലിരിയ്ക്കുമ്പോൾ

ശ്യാം അവളെ നോക്കി സങ്കടത്തോടെ പറഞ്ഞു

ഏയ് ഞാനാണ് ശ്യാമിനോട് സോറി പറയേണ്ടത്
ഒരുമിച്ച് നിങ്ങൾക്ക് അപകടം പറ്റി ഒരേ ആശുപത്രിയിൽ കിടന്നിട്ടും ഞാൻ ശ്യാമിനെ കാണാൻ വരാതിരുന്നതിന്

അത് സാരമില്ല അങ്കിൾ
എനിക്ക് അധികം പരിക്ക് പറ്റിയിരുന്നില്ല
ബൈക്കിന്റെ പുറകിൽ ലോറി വന്നിടിച്ചപ്പോൾ അവൾ തെറിച്ച് വീണ് തല ഒരു കല്ലിൽ അടിച്ചു
അതാണ് അവൾക്ക് ഇത്ര പ്രശ്നമായത്

ശ്യാമിന്റെ സംസാരം കേട്ട് നില്ക്കുമ്പോൾ തന്റെ മകളെ പിഴപ്പിച്ചവനോടുള്ള അമർഷം അയാളുടെ ഉള്ളിൽ ഉരുണ്ട് കൂടുകയായിരുന്നു

ഞാനിന്ന് ഡിസ്ചാർജാവും അങ്കിൾ
ഒരു മണിക്കൂറിനുള്ളിൽ വീട്ടിൽ പോകും
ഇതും പറഞ്ഞ് ശ്യാം പോകുവാനൊരുങ്ങിയപ്പോൾ അയാൾ പറഞ്ഞു

ഞാനൊരു കാര്യം ചോദിച്ചാൽ ശ്യാം സത്യം തുറന്ന് പറയുമോ ?

ചോദിക്കൂ അങ്കിൾ
എനിക്കറിയാവുന്ന കാര്യമാണെങ്കിൽ ഞാൻ പറയാം

ശ്യാമും എന്റെ മകളും തമ്മിൽ എങ്ങനെയുള്ള ബന്ധമായിരുന്നു ?

എന്താ അങ്കിൾ അങ്ങിനെ ചോദിച്ചത് ?

ഞാൻ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയൂ മിസ്റ്റർ ശ്യാം
നിങ്ങൾ തമ്മിൽ എങ്ങനെയുള്ള ബന്ധമായിരുന്നു ?
അയാളുടെ ശബ്ദം കനത്തു

ഞങ്ങൾ തമ്മിൽ നല്ല സുഹൃത്തുക്കളായിരുന്നു

പലപ്പോഴും എനിക്ക് ജനിക്കാതെ പോയ അനുജത്തിയും അവൾക്ക് ജനിക്കാതെ പോയ ഏട്ടനും ആണോ എന്നും തോന്നിയിട്ടുണ്ട്

ശ്യാം പറഞ്ഞ് മുഴുമിപ്പിക്കും മുമ്പേ അയാൾ ദേഷ്യത്തോടെ ഉച്ചത്തിൽ ചോദിച്ചു

നല്ല സുഹൃത്തുക്കൾക്കും സഹോദരീ സഹോദരന്മാർക്കും എന്തിനാടാ കോണ്ടം
എന്തിനാന്ന് ?

നീയും അവളും കൂടി ടൗണിലെ മെഡിക്കൽ ഷോപ്പിൽ നിന്ന് അപകടം പറ്റിയ ദിവസം എന്തിനാണ് കോണ്ടം വാങ്ങിയത് ?

അയാൾ ശ്യാമിന് നേരെ തട്ടിക്കയറി

അയ്യോ അങ്കിൾ തെറ്റിധരിക്കണ്ട
അത് അടുത്ത് കല്യാണം കഴിഞ്ഞ എന്റെ ചേട്ടനും ചേട്ടത്തിക്കും വേണ്ടി ചേട്ടൻ പറഞ്ഞിട്ട് ഞാൻ വാങ്ങിയതാണ്
അത് അവളോട് തുറന്ന് പറഞ്ഞ് ചേട്ടനേയും ചേട്ടത്തിയേയും ഞങ്ങൾ കളിയാക്കി ചിരിച്ചിട്ടു മാണ് ഞാൻ ആ പാക്കറ്റ് അവളുടെ കയ്യിൽ കൊടുത്തതും

അല്ലാതെ ഞങ്ങൾക്കെന്തിനാ കോണ്ടം ?
ശ്യാം ധൈര്യത്തോടെ പറഞ്ഞു

ശ്യാമിന്റെ വാക്കുകൾ കേട്ടതും അയാൾക്ക് എന്തോ ചെറിയ ആശ്വാസം തോന്നി

ശരിയാണോ ശ്യാം
ശ്യാം പറഞ്ഞത് ശരിയാണോ ?

ഞാൻ ശ്യാമിനെ വിശ്വസിച്ചോട്ടെ ?
എന്റെ മകൾ പിഴച്ചവളല്ലെന്ന് ഈ അച്ഛൻ ഉറപ്പിച്ചോട്ടെ ?

അയാൾ കരഞ്ഞുകൊണ്ട് ശ്യാമിന്റെ കൈകൾ ചേർത്ത് പിടിച്ചു

അങ്കിളിന് എന്നെ വിശ്വസിക്കാം
അവൾ അങ്ങനെയുള്ള പെൺകുട്ടിയല്ല

ഞങ്ങൾ പരിചയപ്പെട്ട് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ അവളോട് പ്രണയാഭ്യർത്ഥന നടത്തി എന്നുള്ളത് സത്യമാണ്
എന്നാൽ അവളുടെ മറുപടി ഇങ്ങനെയായിരുന്നു

ശ്യാം
എനിക്ക് രണ്ട് വയസ്സുള്ളപ്പോൾ എന്റെ അമ്മ മരിച്ചു
പിന്നെ എല്ലാം എനിക്കെന്റെ അച്ഛനാണ്
എനിക്ക് വേണ്ടി എല്ലാം സുഖങ്ങളും ത്യജിച്ച് ജീവിക്കുന്ന മനുഷ്യനാണ് എന്റെ അച്ഛൻ
ആ അച്ഛന് വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറുള്ളവളാണ് ഈ മകൾ

പഠിക്കുക ജീവിത ലക്ഷ്യങ്ങൾ നേടുക എന്നതാണ് എന്റെ അച്ഛൻ എന്നെ പഠിപ്പിക്കുന്ന തത്വം
അതിന് മുമ്പിൽ എന്റെ മനസ്സിൽ പ്രണയത്തിന് സ്ഥാനമില്ല

എനിക്ക് വിവാഹ പ്രായമാകുമ്പോൾ എന്റെ അച്ഛൻ എനിക്കായ് നല്ലൊരു ചെക്കനെ കണ്ടു പിടിച്ച് തരും
അന്നായിരിക്കും ഞാനെന്റെ പ്രണയം തുടങ്ങുക

എന്റെ അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ മകനായത് കൊണ്ടും അച്ഛൻ പറഞ്ഞതുകൊണ്ടും മാത്രമാണ് ഞാൻ ശ്യാമിന്റെ ബൈക്കിൽ ഇടക്കിടെ കയറുന്നത്
നല്ലൊരു സൗഹൃദം അല്ലങ്കിൽ സഹോദരി സഹോദരബന്ധം അത്രയേ നമ്മുടെ ഇടയിൽ പാടുള്ളൂ

ഇത്രയും കാലം ഞങ്ങളുടെ ഇടയിൽ ആ ബന്ധം മാത്രമേ ഉണ്ടായിട്ടുള്ളൂ
ഇനിയും അങ്ങനെയേ ഉണ്ടാകൂ

പലർക്കും ഒരു തോന്നലുണ്ട്
ന്യൂജനറേഷൻ ആൺകുട്ടികളും പെൺകുട്ടികളും അടുത്ത് ഇടപഴുകുന്നത് പ്രണയത്തിനും ലൈംഗികതക്കും വേണ്ടി മാത്രമാണെന്ന്
അങ്ങനെയുള്ളവരും ഉണ്ടാകാം
എന്നാൽ അതിൽ കൂടുതൽ മനസ്സ് തുറന്ന് സംസാരിക്കുന്ന നല്ല സൗഹൃദങ്ങളാണ് ഉള്ളതെന്ന് പലർക്കും അറിയില്ല

ഇത്രയും പറഞ്ഞ് ശ്യാം യാത്ര പറഞ്ഞിറങ്ങി

ശ്യാമിന്റെ വാക്കുകൾ കേട്ടതും ആ അച്ഛന്റെ മനസ്സിൽ സമാധാനത്തിന്റെ കുളിർ മഴ പെയ്തിറങ്ങി

മയങ്ങിക്കിടക്കുന്ന മകളുടെ നെറ്റിയിൽ അയാൾ ഉമ്മ വച്ചു

വഴി പിഴക്കാതെ വളരുന്ന മക്കളാണ് ഏതൊരു മാതാപിതാക്കളുടേയും ഏറ്റവും വലിയ സമ്പത്ത്
അയാളുടെ മനസ്സ് പറഞ്ഞു

അച്ഛന്റെ കണ്ണിൽ നിന്ന് രണ്ട് തുള്ളി കണ്ണുനീർ മകളുടെ കവിളിലേക്ക് ഇറ്റ് വീണു

മകൾ പതിയെ കണ്ണുകൾ പാതി തുറന്നു

അവളുടെ ചുണ്ടുകൾ വിതുമ്പി

അ…അ…അച്ഛാ

Leave a Reply

Your email address will not be published. Required fields are marked *