200 രൂപ കടം വാങ്ങിയത് 30 കൊല്ലം മുമ്പ്: വീട്ടാന്‍ അയാള്‍ കടല്‍ക്കടന്നെത്തി

മുപ്പതുകൊല്ലം മുമ്പത്തെ കടംവീട്ടാൻ കടലും കടന്നെത്തുക. ആഫ്രിക്കൻ രാജ്യമായ കെനിയയിൽനിന്ന് മഹാരാഷ്ട്രയിലെ ഔറംഗാബാദിലേക്കുള്ള റിച്ചാർഡ് ടോംഗിയുടെ വരവിനെ വേണമെങ്കിൽ ഇങ്ങനെ പറയാം. കാശിനാഥ് ഗോൾ എന്നയാൾക്ക് നൽകാനുള്ള 200 രൂപ മടക്കിനൽകാനാണ് റിച്ചാർഡ് എത്തിയത്. നിലവിൽ കെനിയയിലെ എം പി കൂടിയാണ് ഇദ്ദേഹം. കെനിയയിലെ ന്യാരിബാരി ചാച്ചെ മണ്ഡലത്തെയാണ് റിച്ചാർഡ് പ്രതിനിധീകരിക്കുന്നത്.

ഇനി എങ്ങനെയാണ് റിച്ചാർഡ്, കാശിനാഥിന്റെ കടക്കാരനായതെന്ന് അറിയേണ്ടേ? സംഭവം ഇങ്ങനെ. 1985-89കാലം. ഔറംഗബാദിനു സമീപമുള്ള കോളേജിൽ മാനേജ്മെന്റ് സ്റ്റഡീസ് പഠനത്തിനെത്തിയതായിരുന്നു റിച്ചാർഡ്. അന്ന് റിച്ചാർഡ് താമസിച്ചിരുന്ന വാംഖ്ഡെനഗറിൽ പലചരക്കുകട നടത്തുകയായിരുന്നു കാശിനാഥ്. ഇരുന്നൂറു രൂപയുടെ കടം അവശേഷിപ്പിച്ചാണ് റിച്ചാർഡ് പഠനം പൂർത്തിയാക്കി അന്നു മടങ്ങിയത്.

എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു അത്. അന്ന് ഇവരാണ് എന്നെ സഹായിച്ചത്. അന്നു ഞാൻ വിചാരിച്ചിരുന്നു, എന്നെങ്കിലും ഒരിക്കൽ തിരികെയെത്തി ഇവരുടെ കടം വീട്ടുമെന്ന്- തിങ്കളാഴ്ച കാശിനാഥിനെ കണ്ടതിനു ശേഷം റിച്ചാർഡ് മാധ്യമങ്ങളോടു പറഞ്ഞു. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിക്കുന്നില്ല- എന്നായിരുന്നു കാശിനാഥിന്റെ പ്രതികരണം. ഭാര്യ മിഷേലിനൊപ്പമാണ് റിച്ചാർഡ് എത്തിയത്. കാശിനാഥിനെ കണ്ടപ്പോൾ റിച്ചാർഡിന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പി.

കാശിനാഥിനെയും അദ്ദേഹത്തിന്റെ മക്കളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ. പുറത്ത് ഹോട്ടലിൽ കൊണ്ടുപോയി ഭക്ഷണം കഴിപ്പിക്കാൻ അവർ ശ്രമിച്ചു. എന്നാൽ അവർക്കൊപ്പം വീട്ടിലിരുന്നു കഴിക്കാമെന്ന് ഞാൻ നിർബന്ധം പിടിക്കുകയായിരുന്നു.- റിച്ചാർഡ് കൂട്ടിച്ചേർത്തു. കാശിനാഥിനെയും മക്കളെയും കെനിയ സന്ദർശിക്കാൻ ക്ഷണിച്ചതിനു ശേഷമാണ് റിച്ചാർഡ് മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *