നമ്മളാരും കേൾക്കാതെ പോകരുത് ഈ ആംബുലൻസ് ഡ്രൈവറുടെ വാക്കുകൾ

ഉച്ചത്തിലുള്ള ആ സൈറണിന്റെ ശബ്ദം നിങ്ങളോടുള്ള ഞങ്ങളുടെ അതിൽ കിടക്കുന്നവരുടെ അവർക്ക് കൂട്ട് വരുന്നവരുടെ യാചനയാണ് അതിനോട് നിങ്ങൾ മുഖം തിരിക്കരുത്. അപേക്ഷയാണ്. മരണത്തിനും ജീവിതത്തിനുമിടയിൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് നിസ്സഹായരായ ഒരു പാട് മനുഷ്യരെ കണ്ടിട്ടുണ്ട്. കൂടെയുള്ളവർ പൊട്ടി കരയുമ്പോഴും തളർന്ന് വീഴുമ്പോഴും ദേഹത്ത് നിന്ന് ഒലിച്ചിറങ്ങുന്ന രക്തം കാണുമ്പോഴും മനസ്സോ, ശരീരമോ തളരാറില്ല. അത് മനുഷ്യത്വമില്ലാനിട്ടോ മനസ്സ് കല്ലായത് കൊണ്ടൊ ഒന്നുമല്ല. ലക്ഷ്യം ആ ജീവൻ രക്ഷിക്കുക എന്നുള്ളതു കൊണ്ടു മാത്രമാണ്.

വാഹനം എത്താൻ വൈകുന്നത് കൊണ്ട് ജീവൻ നഷ്ടപ്പെടാം, അല്ലെങ്കിൽ ജീവിക്കുമ്പോൾ തന്നെ മരിച്ച അവസ്ഥയിലേക്ക് ആ ശരീരം തള്ളപ്പെടാം. അങ്ങനെ സംഭവിക്കരുത് എന്നുള്ളതു കൊണ്ടാണ് പതറാതെ ആക്സിലേറ്ററിൽ ആ നിസ്സഹായ കാഴ്ചകൾ കാണുമ്പോഴും കാൽ വെക്കുന്നത്.

ഞാൻ കൂടി അംഗമായിട്ടുള്ള വല്ലപ്പുഴ കനിവ് സാംസ്ക്കാരിക വേദിയുടെ കീഴിലുള്ളതാണ് ഈ ആംബുലൻസ് സർവീസ്. ഇതിലെ നിലവിലുള്ള ഡ്രൈവർക്ക് ആക്സിഡന്റ് ആയത് കൊണ്ട് ഒരിക്കൽ വാഹനം നിർത്തി ഇടേണ്ടി വന്നു. വല്ലപ്പുഴയിലുള്ള ഒരേ ഒരു ആംബുലൻസാണിത്. ഇവിടുത്തെ ഹോസ്പിറ്റലുകളിൽ നിന്നും, പരിസര പ്രദേശങ്ങളിൽ നിന്നും ആശ്രയിക്കുന്നത് ഈ വാഹനത്തെയാണ്.

ധാരാളം വിളികൾ വരുന്നത് കൊണ്ട് അതിൽ ഞാൻ ഡ്രൈവറായി കയറി. ആദ്യത്തെ ഓട്ടം വരുന്നത് വല്ലപ്പുഴ മദീന ഹോസ്പിറ്റലിൽ നിന്നുമാണ്, തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിലേക്ക് പോകുവാൻ വേണ്ടി. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോളാണ് വിളി വരുന്നത്. ഉടനെ ഭക്ഷണം മാറ്റിവെച്ച്‌ ആംബുലൻസ് എടുത്ത് മദീന ഹോസ്പിറ്റലിൽ എത്തി. അവിടെ ഒരുപാട് പേർ കൂടി നിൽക്കുന്നു.

6 വയസായ ഒരു പൊന്നു മോൻ ആകെ തളർന്നു അച്ഛന്റെ കയ്യിൽ കിടക്കുന്നു, പേര് സാജൻ. തിരുവാതിര ദിവസമായത് കൊണ്ട് അവന് ഊഞ്ഞാൽ ഇട്ട് കൊടുത്തതാണ്. ഊഞ്ഞാലിൽ നിന്നും തെറിച്ചു വീണത് കല്ലിലേക്കായിരുന്നു. പുറത്ത് അവന് ഒരു പോറൽ പോലും ഇല്ല. തല അടിച്ചായിരുന്നു വീണത്. ഉടനെ ജൂബിലിയിൽ എത്തിക്കാനാണ് അവിടുത്തെ ഡോക്റ്റർ ഹംസ പറഞ്ഞത്.

ആദ്യമായാണ് വല്ല്യ വണ്ടി കൊണ്ട് എമർജൻസിയായി പോകേണ്ടി വരുന്നത്. ചെറിയ പേടി ഉണ്ടേലും ആ കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ പേടിയെല്ലാം അസ്ഥാനത്തായി. സൈറണും, ലൈറ്റും ഇട്ട് വേഗതയിൽ കുതിച്ചു. 45 km അടുത്ത് ദൂരമുണ്ട് വല്ലപ്പുഴയിൽ നിന്നും ജൂബിലി മിഷൻ ഹോസ്പിറ്റലിലേക്ക്. ഇടക്ക് കണ്ണാടിയുടെ നോക്കുമ്പോൾ മകനെ കെട്ടിപ്പിടിച്ചു വിയർത്ത് കുളിച്ചു ഭയപ്പെട്ടിരിക്കുന്ന സാജന്റെ അച്ഛൻ പ്രമോദിന്റെ മുഖമാണ് കാണുന്നത്. അത് വാഹനത്തിന്റെ വേഗത കൂട്ടി.

ആംബുലൻസ് വിയ്യൂരിലെത്തി. അവിടെ റോഡ് പണി നടക്കുന്നു ഇടത് വശത്തൂടെ ഒരിക്കലും പോകാൻ പറ്റില്ല. കാരണം അത്രക്ക് വാഹനങ്ങളുണ്ട്. ആംബുലൻസായത് കൊണ്ട് വലത് വശത്തൂടെ മുന്നിൽ നിന്നും വരുന്ന വാഹനം തടഞ്ഞു നിർത്തി അവിടെയുള്ള റോഡ് പണിക്കാർ വഴി ഒരുക്കി തന്നു. വാഹനം സൈഡിലേക്ക് എടുത്ത് പോകാൻ നിൽക്കുമ്പോൾ ഇടത് ഭാഗത്ത് എന്റെ മുന്നിൽ നിന്നിരുന്ന ഓട്ടോറിക്ഷ ആംബുലൻസിന് പോകാൻ ഒരുക്കിയ വഴിയിലേക്ക് എടുത്തു. ആ ഓട്ടോറിക്ഷക്ക് പുറകിൽ ആംബുലൻസ് ഇടിച്ചു. പിന്നെ ആംബുലൻസിന് മുന്നോട്ട് പോകാൻ കഴിയില്ല. പുറകോട്ട് എടുത്ത് തിരിക്കണം വണ്ടി പവർ സ്റ്റയറിങ്ങുമല്ല.

ഉടനടി പുറകിലേക്ക് എടുത്തു. ഒരു വാഹനത്തിൽ തട്ടി വണ്ടി പുറകോട്ട് എടുക്കാൻ കഴിയാതെ ആയി. പിന്നീട് അവിടെയുള്ളവരുടെ ഇടപെടൽ കൊണ്ട് പിറകിലുള്ള വാഹനം മാറ്റി ഹോസ്പിറ്റലിലെത്തി, ആ മോനെ എമർജൻസി കെയറിലേക്ക് കൊണ്ടുപോയി.

ആംബുലൻസിന്റെ മുൻവശം പോയി നോക്കുമ്പോൾ ബമ്പർ ഒടിഞ്ഞു കിടക്കുന്നു. പുറകിൽ ഒന്നും സംഭവിച്ചില്ല. കയറുന്ന പടി ഇരുമ്പായത് കൊണ്ട് അതാണ് പുറകിലുള്ള വാഹനത്തിൽ തട്ടിയത്. അത് ഒരു ആൾട്ടോ കാർ ആയിരുന്നു എന്ന് ഹോസ്പിറ്റലിൽ എത്തിയ ശേഷമാണ് പ്രമോദ് പറഞ്ഞത്. വാഹനത്തിന് ഉണ്ടായ നഷ്ടത്തിന്റെ കണക്ക് വിവരിക്കുകയല്ല ഇവിടെ അതൊക്കെ പൈസ കൊടുത്താൽ ശരിയാക്കാൻ കഴിയുന്നതാണ്. പക്ഷെ ഇങ്ങനെയുള്ള സന്ദർഭം കൊണ്ട് ഒരു ജീവനും പൊലിയരുത്.

ഒരു പക്ഷെ 15 സെക്കന്റ് അവിടെ നിർത്തിയാൽ ആ രണ്ട് വാഹനങ്ങളുടെ നമ്പർ എനിക്ക് എടുക്കാമായിരുന്നു അങ്ങനെ ചെയ്യാൻ തോന്നിയില്ല. ആ 15 സെക്കന്റ് കൊണ്ട് എത്ര ദൂരം പോകാം എന്നായിരുന്നു മനസ്സിൽ. ചിലപ്പോൾ കേൾക്കാറുണ്ട് ഒരു അര മണിക്കൂർ മുന്നേ എത്തിച്ചാൽ രക്ഷപ്പെടുമായിരുന്നു എന്നൊക്കെ. അതുകൊണ്ടാണ് ലക്ഷ്യം മാത്രം ഉൾക്കൊണ്ട് പതറാതെ ആക്സിലേറ്ററിൽ വീണ്ടും കാൽ വെച്ചത്.

ഒരു സംഭവം കൂടി – വല്ലപ്പുഴ മദീന ഹോസ്പിറ്റലിൽ നിന്നും പട്ടാമ്പി സേവന ഹോസ്പിറ്റലിലേക്കും അവിടെ ഡോക്റ്റർ ഇല്ലാത്തത് കൊണ്ട് വാണിയംകുളം PK Das ഹോസ്പിറ്റലിലേക്ക് വളരെ വേഗത്തിൽ സൈറൻ ഇട്ട് അറ്റാക്ക് വന്ന ആളെ കൊണ്ട് പോകുമ്പോൾ കുളപ്പുള്ളി ഗീത തീയേറ്ററിന് മുന്നിൽ പോകേണ്ട വഴിയിൽ ഒരു ഫോർച്യൂനർ കാർ നിർത്തി ഇട്ടിരിക്കുന്നു.

ഞാൻ പെട്ടെന്ന് ആംബുലൻസ് നിർത്തി ഹോണടിച്ചിട്ടും സൈറൻന്റെ ശബ്ദം കേട്ടിട്ടും അവർ മാറ്റുന്നില്ല. ഞാൻ ഡോർ തുറന്നപ്പോഴേക്കും അവിടെ ബസ് കാത്ത് നിന്നവർ ആ വാഹനത്തിന്റെ സൈഡ് ഗ്ലാസ്സിൽ തട്ടി വാഹനം മാറ്റാൻ പറഞ്ഞു. ആ വാഹനത്തെ ഓവർ ടേക് ചെയ്യുമ്പോൾ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി ഗ്ലാസ്സുകൾ എല്ലാം കയറ്റി A/C യും ഇട്ട് ഫോണിൽ സംസാരിക്കുന്നു. എന്തെല്ലാം തരം മനുഷ്യരാണ് നമുക്ക് ചുറ്റും. എന്നെയും നിങ്ങളെയും പോലെ ഈ മണ്ണിൽ ജീവിക്കാൻ എല്ലാ മനുഷ്യർക്കും കൊതിയുണ്ടാവും, അത് നമ്മളായി ഇല്ലാതാക്കരുത്.

ഇപ്പോൾ ഇതെഴുതാനുള്ള കാര്യം സമാന അവസ്ഥകൾ ഇപ്പോഴും ഉണ്ടാവുന്നു എന്നുള്ളത് വളരെ അധികം ബുദ്ധിമുട്ടിക്കുന്നു, വേദനിപ്പിക്കുന്നു. ഇത്‌ എന്റെ മാത്രം അനുഭവമല്ല, ഈ വളയം പിടിക്കുന്ന ഓരോരുത്തരുടെയുമാണ്. പെട്ടന്നുള്ള മറ്റു വാഹനങ്ങളുടെ ഈ കടന്നുകയറ്റം വലിയ അപകടത്തിലേക്ക് നമ്മെ എത്തിച്ചേക്കാം. സൂക്ഷ്മത പാലിക്കുക.

ഈ പോസ്റ്റ് എഴുതുന്നതിന് മുന്നേ പ്രമോദിനെ വിളിച്ചിരുന്നു, സാജന്റെ വിശേഷം അറിയാൻ. അവൻ സുഖമായി ഇരിക്കുന്നു. എന്നാൽ രണ്ടാമത്തെ സംഭവത്തിൽ PK ദാസിലേക്ക് കൊണ്ടുപോയ വ്യക്തി മരണത്തിന് കീഴ്പ്പെടുകയും ചെയ്തു. കൊണ്ടുപോയ ഓരോ ആളുകളുടെ ബന്ധപ്പെട്ടവർക്ക് പിന്നീട് വിളിച്ച് അന്വേഷിക്കുമ്പോൾ അവർ സുഖമായി ഇരിക്കുന്നു എന്നറിയുമ്പോൾ, കൃത്യ സമയത്തു എത്തി എന്ന് ഡോക്റ്റർ പറയുമ്പോൾ, അവരുടെ കൂടെ വന്നവർ ഞങ്ങളുടെ കൈ ചേർത്ത് പിടിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഒരു ജന്മത്തിന്റെ പുണ്യമാണ്.

ഇനിയും എഴുതാനുണ്ട് അനുഭവങ്ങൾ എല്ലാം എന്നിൽ തന്നെ നിർത്തുന്നു. ഓരോ യാത്രയും അനുഭവങ്ങൾക്ക് അപ്പുറം എന്നിൽ അവശേഷിക്കുന്ന ഓർമകളാണ് അതിൽ നിങ്ങൾ കണ്ണുനീരിന്റെ ഉപ്പ്‌ കലർത്തരുത്.

Leave a Reply

Your email address will not be published. Required fields are marked *