വായ്പ വാങ്ങിയ ആയിരം രൂപ തിരിച്ചടക്കാന്‍ കഴിഞ്ഞില്ല; അനുഭവിക്കേണ്ടി വന്നത് അഞ്ച് വര്‍ഷത്തെ അടിമപ്പണി, രക്ഷയ്ക്കെത്തിയ ഉദ്യോഗസ്ഥരുടെ കാല്‍ക്കല്‍ വീണ് വൃദ്ധന്റെ നന്ദി പ്രകടനം; തമിഴകത്തെ കണ്ണീരിലാഴ്ത്തിയ ചിത്രം

തമിഴ്‌നാട്ടില്‍ വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവരെ വര്‍ഷങ്ങളോളം അടിമപ്പണിയെടുപ്പിക്കുന്നതായി കണ്ടെത്തി. സംഭവത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള 13 കുടുംബങ്ങളിലെ 42 പേരെ തഹസില്‍ദാരുടെ നേതൃത്വത്തില്‍ രക്ഷിച്ചു. കാഞ്ചിപുരത്ത് 28 പേരും വെല്ലൂരില്‍ 14 പേരുമാണ് തുച്ഛമായ പണം വാങ്ങി തിരിച്ചടവ് മുടങ്ങിയതിന് വര്‍ഷങ്ങളായി അടിമപ്പണി നേരിടുന്നത്.

കാഞ്ചിപുരം സബ് കളക്ടര്‍ എ ശരവണന്‍, റാണിപതിലെ സബ് കളക്ടര്‍ ഇളംബഹവത് എന്നിവര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വര്‍ഷങ്ങളായി ദുരിതമനഭവിക്കുന്ന കുടുംങ്ങളുടെ അവസ്ഥ അറിയുന്നത്. ഇവയില്‍ വെറും ആയിരം രൂപ വായ്പ വാങ്ങി തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് വര്‍ഷമായി പീഡനം അനുഭവിച്ച കാശി എന്ന 60കാരന്‍ തഹസില്‍ദാരുടെ കാല്‍ക്കല്‍ വീണ് നന്ദിയറിയിക്കുന്ന ദൃശ്യം വളരെ വേദനിപ്പിക്കുന്ന കാഴ്ചയായി.

നടരാജ് എന്ന വ്യക്തിയില്‍ നിന്നാണ് കാശി വായ്പ എടുത്തത്. ഈ തുക തിരിച്ചടക്കാന്‍ സാധിക്കാതെ വന്നതോടെ നടരാജന്റെ ഉടമസ്ഥതയിലുള്ള മരംമുറിക്കുന്ന സ്ഥലത്ത് ജോലിക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അഞ്ച് വര്‍ഷം അനുഭവിച്ചത് ദുരിതവും പീഡനവുമാണ്. ബുധനാഴ്ച രാവിലെ 9.30 ഓടെ രണ്ട് സംഘങ്ങളായി കാഞ്ചീപുരം വെല്ലൂര്‍ എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മരംമുറി കേന്ദ്രത്തിലെത്തിയ ഉദ്യോഗസ്ഥര്‍ ഇവിടെയുണ്ടായിരുന്ന ഓരോ തൊഴിലാളിയെയും ചോദ്യം ചെയ്തു.

നടരാജ് എന്ന ആളുടെ കൈയില്‍ നിന്നും ബന്ധുക്കളുടെയും പക്കല്‍ നിന്ന് നിസാര തുകകള്‍ വായ്പയായി വാങ്ങിയ സാധാരണക്കാരാണ് ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടതെന്ന് കണ്ടെത്തി. പണം തിരിച്ച് നല്‍കാന്‍ സാധിക്കാത്തവരെ അഞ്ച് വര്‍ഷത്തേക്കാണ് ഇവിടെ പണിയെടുക്കാന്‍ നിര്‍ബന്ധിച്ചത്. അതേസമയം ഇവര്‍ 30,000 രൂപ വരെ തിരികെ നല്‍കാനുണ്ടെന്നാണ് തൊഴിലുടമകളുട മൊഴി.

തങ്ങളുടെ കുട്ടികളെ സ്‌കൂളില്‍ പോകാന്‍ പോലും അനുവധിച്ചിരുന്നില്ലെന്നും തങ്ങള്‍ പണിയെടുത്ത കൂലി നല്‍കിയിരുന്നില്ലെന്നും വിശക്കുന്നുവെന്നും അരി വാങ്ങാന്‍ പണം വേണമെന്നും ആവശ്യപ്പെട്ടപ്പോള്‍ തൊഴിലുടമയായ നടരാജ് കുറച്ച് മരമെടുത്ത് ചവച്ച് തിന്നാന്‍ പറഞ്ഞതായും തൊഴിലാളികള്‍ ആരോപിച്ചു.

അതിന് പുറമെ ഗര്‍ഭിണിയെ ആശുപത്രിയില്‍ പോകാന്‍ അനുവദിച്ചില്ലെന്നും കാട്ടിനകത്ത് പ്രസവിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും തൊഴിലുടമയ്‌ക്കെതിരെ അരോപണം ഉയര്‍ന്നു. അതേസമയം തൊഴിലുടമയെയും തൊഴിലാളികളെയും റവന്യു ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ശേഷം തൊഴിലാളികളുടെ കടം അടച്ചുതീര്‍ന്നതായുള്ള പത്രിക തൊഴിലുടമയെ കൊണ്ട് എഴുതി നല്‍കിച്ച് തടവിലുള്ള 42 പേരെയും വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *