ധോണി ഔട്ട് ആയപ്പോൾ ആ കണ്ണുകളും നിറഞ്ഞിരുന്നു (വീഡിയോ)

അടുത്തത് ഒരു ഡോട്ട്ബോളായിരുന്നു. ഒാവറിലെ മൂന്നാമത്തെ പന്ത് ലെഗ്സൈഡിലേക്ക് പായിച്ച് ബാറ്റ്സ്മാൻ ഒാട്ടം ആരംഭിച്ചു.ഒാടുന്നത് എം.എസ് ധോനിയായിരുന്നു.റൺസിനുവേണ്ടിയുള്ള കുതിപ്പിൻ്റെ കാര്യത്തിൽ ഇന്നും ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റർ എന്ന് ഡീൻ ജോൺസ് വിശേഷിപ്പിച്ച സാക്ഷാൽ ധോനി !! പന്ത് പോയത് മാർട്ടിൻ ഗപ്ടിലിൻ്റെ അടുത്തേക്കായിരുന്നു.­അയാൾ ഒരു മോശം ലോകകപ്പിലൂടെ കടന്നുപോവുകയായിരുന്നു.പക്ഷേ ഭീകരമായ സമ്മർദ്ദത്തിൻ്റെ സമയത്തും ഗപ്ടിലിന് ഉന്നം പിഴച്ചില്ല ! ഡിറെക്റ്റ് ഹിറ്റ് !

തീരുമാനമെടുക്കാനുള്ള ചുമതല ടെലിവിഷൻ അമ്പയറിൽ വന്നുചേർന്നു.ഒാസ്ട്രേലിയക്കാരനായ റോഡ് ടക്കർ റീപ്ലേകൾ പരിശോധിച്ചു.ധോനിയുടെ ബാറ്റ് പുറത്തായിരുന്നു ! മില്ലീമീറ്ററുകളുടെ വ്യത്യാസം !

ജയൻ്റ് സ്ക്രീനിൽ ‘ഒൗട്ട് ‘ എന്ന് തെളിയുന്നത് കാണാൻ ധോനി കാത്തുനിന്നില്ല.അയാൾ സാവകാശം ചെയ്ഞ്ച് റൂമിലേക്കുള്ള നടത്തം ആരംഭിച്ചിരുന്നു.ഇടയ്ക്ക് നിരാശമൂലം തലതാഴ്ത്തി.പിന്നീട് പ്രയാണം തുടർന്നു.കൂടാരം ഏറെ അകലെയാണെന്ന് അയാൾക്ക് തോന്നിയിട്ടുണ്ടാവണം.ഒരു തുള്ളി കണ്ണുനീർ അടർന്നുവീഴാൻ മടിച്ചുനിന്നു!

ധോനി പോകുന്ന വഴിയിൽ നിറയെ ആരാധകരുണ്ടായിരുന്നു.പക്ഷേ അയാളെ ഒന്ന് ആശ്വസിപ്പിക്കാനുള്ള ധൈര്യം ആരും കാണിച്ചില്ല.പുറത്തൊന്ന് തട്ടിയാൽ ആ മനുഷ്യൻ സ്ഫടികപാത്രം പോലെ പൊട്ടിത്തകരുമെന്ന് കാണികൾ ഭയന്നിരിക്കാം! പൊതുവെ വളരെ ‘കൂൾ’ ആയ ധോനിയെ ലോകം അതുവരെ അത്രമേൽ സങ്കടത്തോടെ കണ്ടിരുന്നില്ല.

സ്റ്റേഡിയത്തിൻ്റെ പടികൾ സാവകാശം കയറി ഗാലറിയിലെത്തിയപ്പോൾ രവിശാസ്ത്രിയും ജസ്പ്രീത് ബുംറയും ധോനിയെ ചേർത്തുപിടിക്കാൻ ശ്രമിച്ചു.പിടിനൽകാതെ അയാൾ എങ്ങോ മറഞ്ഞു.ഇന്ത്യയെ ഫൈനലിലെത്തിക്കണമെന്ന് ധോനി അത്രമേൽ ആഗ്രഹിച്ചിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *