കണ്ണൂരുകാരിക്കും കൊച്ചിക്കാരനും പൂരപ്പറമ്പിൽ സേവ് ദ ഡേറ്റ് വിഡിയോ

കൊട്ടിക്കയറിയ ഇലഞ്ഞിത്തറമേളം, വർണം വിടർത്തിയ കുടമാറ്റം, പ്രൗഢിയോടെ തലയുയര്‍ത്തി, ചെവിയാട്ടി നിന്ന ഗജകേസരിമാര്‍… ആ ആൾപ്പൂരത്തിന്‍റെ ലഹരിയിൽ അവർ കൈപിടിച്ചു നടന്നു. താളം പിടിച്ച് മേളം ആസ്വദിച്ചു. ആവേശപ്പൂരത്തിൽ ഉയർന്നുചാടി… അതിനിടെ ലൈവ് ആയി ആ സേവ് ദ ഡേറ്റ് വിഡിയോ ഷൂട്ട് ചെയ്തു.

ഇത്തവണ വടക്കുന്നാഥ മണ്ണിൽ, പൂരങ്ങളുടെ പൂരത്തിനിടയിൽ ഒരു സേവ് ദ ഡേറ്റ് വിഡിയോ ഷൂട്ടിങ്ങ് കൂടി നടന്നു. പൂരലഹരിയിൽ മതിമറന്നു നിൽ‌ക്കുന്ന ജനനടുവിലേക്കാണ് കണ്ണൂർക്കാരിയും കൊച്ചിക്കാരനും ഓടിയെത്തിയത്. സിംപിൾ ആയി, എന്നാൽ പവർഫുള്ളായി ആ വിഡിയോ അങ്ങട് ഷൂട്ട് ചെയ്തു.

സെറ്റ് സാരി ധരിച്ച് വധുവെത്തിയപ്പോൾ വരന്‍റെ വേഷം വെള്ള മുണ്ടും കറുത്ത കുർ‌ത്തയും ആയിരുന്നു. ചമ്മലോ നാണമോ ഇല്ല, അസലു ചെത്തുപിള്ളേരായി പൂരനഗരിയിലെ ഗഡികൾക്കിടയിലൂടെ അവര്‍ നടന്നു. സേവ് ദ ഡേറ്റ് വിഡിയോയുടെ പിന്നണിയിൽ കേൾക്കുന്നതും മേളമാണ്. അങ്ങനെ പൂരവും കാണിച്ചു, കല്യാണവും വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *