അങ്ങനെ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ നിൽക്കുമ്പോഴാണ് തിളങ്ങുന്ന സിറ്റിസൺ വാച്ചൊക്കെ കെട്ടിയ ഒരു നാടൻ ഇക്ക കയ്യും വീശി പാസ്സ്പോർട്ടും പിടിച്ചോണ്ട് വരുന്നത്..

കഴിഞ്ഞ ലീവിന് നാട്ടിൽ പോകുമ്പോൾ കയ്യിലെ ഹാൻഡ് ബേഗിൽ കുറച്ച് സാധനം അനുവദിച്ച തൂക്കത്തെക്കാൾ കൂടുതലായി ഉണ്ടായിരുന്നു.

എങ്ങനെയെങ്കിലും കെയ്ച്ചിലാവാം എന്നും ചിന്തിച്ച് എയർപോർട്ടിൽ എത്തിയപ്പോൾ മുടിഞ്ഞ ചെക്കിങ്ങ്.. !

ബാഗിൽ നിന്നും കുറച്ച് സാധനങ്ങൾ എയർപോർട്ടിൽ ഒഴിവാക്കി പോകേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ അണ്ണാക്കൊന്ന് വരണ്ടു കാരണം കഷ്ടപ്പെട്ടുണ്ടാക്കിയ ക്യാഷ് കൊണ്ട് വാങ്ങിയ സാധനങ്ങളിൽ ഒരു പേന പോലും ഒഴിവാക്കുന്നത് സഹിക്കില്ല…!

അങ്ങനെ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ നിൽക്കുമ്പോഴാണ് തിളങ്ങുന്ന സിറ്റിസൺ വാച്ചൊക്കെ കെട്ടിയ ഒരു നാടൻ ഇക്ക കയ്യും വീശി പാസ്സ്പോർട്ടും പിടിച്ചോണ്ട് വരുന്നത്.. മൂപ്പരെ കണ്ടപാടെ ” ഇക്ക അൽപ്പം സാധനം കൂടുതലാണ് ഇതിൽ നിന്നും കുറച്ച് സാധങ്ങൾ ഒരു കവറിൽ ഇട്ട് തന്നാൽ ഫ്ലൈറ്റ് വരെ ഒന്ന് പിടിക്കാമോ..? ” എന്റെ ആ നിസ്സഹായത നിറഞ്ഞ ചോദ്യം കേട്ടപ്പോൾ സഹായ മനസ്ക്കനായ ഇക്ക ‘ അതിനെന്താ ‘ എന്ന് പറഞ്ഞു സമ്മതിച്ചു..

അങ്ങനെ ആ ടെൻഷനും പരിഹാരമായി..

ഞങ്ങൾ എയർപോർട്ടിലെ ചെക്കിങ്ങും മറ്റും കഴിഞ്ഞ് അകത്തേക്ക് നടന്നു..
ഫ്ലൈറ്റ് പൊന്താൻ ഇനിയും സമയമുണ്ട്.. അതിനിടയിൽ ഞങ്ങൾ സംസാരിച്ചിരുന്ന് പരിചയപ്പെട്ടു മൂപ്പര് എന്റെ അടുത്ത നാട്ടുകാരൻ തന്നെയാണ്. മസ്കറ്റിൽ ഏതോ കമ്പനിയിലാണ് ജോലി. പറഞ്ഞു വന്നപ്പോൾ നാട്ടിൽ ഒരു വലിയ കുടുംബം തന്നെ മൂപ്പരെ കാത്തിരിക്കുന്നുണ്ട് .

ഇടക്ക് ” ന്താ സാധനങ്ങൾ ഒന്നും കൊണ്ട് പോവാത്തെ..? ” എന്ന് ചോദിച്ചപ്പോൾ മൂപ്പരുടെ മറുപടി എന്നെയും ഒരുപാട് ചിന്തിപ്പിച്ചു..

ഇക്ക പറയാൻ തുടങ്ങി ” ഞാൻ ഇരുപത്തി രണ്ട് കൊല്ലായി ഗൾഫ് ജീവിതം തുടങ്ങിയിട്ട് ആദ്യത്തെ പത്തു പതിനൊന്നു കൊല്ലം നാട്ടിൽ പോകുമ്പോൾ നല്ലോണം വലിച്ചു വാരി കൊണ്ട് പോയിരുന്നു.. ഇപ്പൊ കുറെ കൊല്ലമായി ഒന്നും വാങ്ങാറില്ല ആ ക്യാഷ് കൊണ്ട് നാട്ടിൽ പോയാൽ കുടുംബത്തോടൊപ്പം ഒരു മാസം കൂടി നിൽക്കാം. വിമാന കമ്പനിക്കാർ മുപ്പത് കിലോ അനുവദിച്ചാൽ നമ്മൾ അത് കറക്റ്റ് ആക്കിയും അല്ലെങ്കിൽ അൽപ്പം കൂട്ടിയും എങ്ങനെയെങ്കിലുമൊക്കെ നാട്ടിലേക്ക് എത്തിക്കും എന്നിട്ട് എന്ത് കാര്യം..? അതാ പെട്ടി തുറക്കുമ്പോൾ ഔട്‍ന്നും, ഇവ്ട്ന്നും നീളുന്ന കൈകളിലേക്ക് കൊടുക്കുന്നത് അങ്ങട്ട് കാണാം എന്നല്ലാതെ വേറെ ഒരു കാര്യവും ഇല്ല.. !

റൂമിന്റെ മൂലയിലും, കട്ടിലിന്റെ അടിയിലും എലി കൂട് കൂട്ടുന്നത് പോലെ സാധനങ്ങൾ കുറച്ച് കുറച്ച് വാങ്ങി കൂട്ടി നമുക്കാ പെട്ടിയൊന്ന് നിറക്കാൻ മാസങ്ങൾ വേണം എന്നിട്ട് ആ പെട്ടി ഉന്തിയും, തള്ളിയും വീട്ടിലെത്തിച്ചാൽ പത്തു പതിനഞ്ച് മിനുട്ട് കൊണ്ട് കാലിയാക്കി തരുന്നതും പോരാ എന്തെങ്കിലും ആർക്കെങ്കിലും കിട്ടാതെയെങ്ങാനും ആയാൽ അതോടെ എല്ലാം മറന്നു കിട്ടിയതും, മുൻപ് കൊടുന്നതും എല്ലാംഅവർ മറക്കും ..

എന്തിനാ വെറുതെ നമ്മൾ ഇതൊക്കെ അറിഞ്ഞു കൊണ്ട് കാണാൻ നിൽക്കുന്നത്.. ?

കുട്ടികൾക്ക് കുറച്ച് മിട്ടായി വേണം അത് നാട്ടിൽ പോയാലും കിട്ടും നല്ല നല്ല മിട്ടായികൾ ഇവിടെ ഉള്ളത് തന്നെ, പിന്നെ തുണിയും കുപ്പായവും അതും നാട്ടിലാ നല്ലത് നാട്ടിൽ നിന്ന് കയറ്റി വിടുന്ന തുണി ഐറ്റംസ് ഇവിടുന്ന് വാങ്ങി നാട്ടിലേക്ക് തന്നെ കൊണ്ടോവുന്ന നമ്മളെയൊക്കെ എന്താ റഷീദേ ചെയ്യണ്ടേ..? ഉള്ളതൊക്കെ പെറുക്കി നാട്ടിലേക്ക് അയച്ചു കൊടുത്ത് കടം വാങ്ങി ക്യാഷ് ഇല്ലാതെ പോയാലും ഡ്രസ്സ്‌ എടുക്കൽ നമുക്ക് നിർബന്ധം അല്ലേ അതല്ലേ നമ്മൾ ശീലമാക്കിയത്.

ഇതൊക്കെ ചിന്തിച്ച് ഇപ്പോൾ ഒന്നും വാങ്ങാതെ ടിക്കറ്റും എടുത്ത് ഇടക്ക് നാട്ടിൽ പോകും. ചിലപ്പോൾ റൂമിലുള്ള ഡ്രെസ്സൊ മറ്റോ ഒരു ബേഗിലിട്ട് അങ്ങട്ട് പോകും ആരും ഒന്നും പറയില്ല പറഞ്ഞാൽ അവർക്ക് പോയി അല്ലാതെ നമ്മൾക്ക് എന്ത്..!
‘ ഈത്തപ്പഴം പൗക്കുന്ന ചൂടും കൊണ്ട് വരുന്ന നമ്മൾക്ക് ഓലെ മോന്തന്റെ കനം വല്ല്യ പേടിയല്ലേ..? ‘ എന്ന് പറഞ്ഞ് ഇക്ക നിർത്തിയപ്പോൾ എനിക്ക് ചിരിക്കാണ്ടിരിക്കാൻ കഴിഞ്ഞില്ല. കാരണം അനുവദിച്ച ലെഗേജിനു പുറമെ പത്തു കിലോ എക്സ്ട്രാ ലെഗേജും പൈസയും കൊടുത്ത് കൂട്ടി വാങ്ങിയാണ് ഞാനീ പോകുന്നത്.
ഞാനത് അങ്ങേരോട് പറഞ്ഞില്ല കാരണം മൂപ്പര് പറഞ്ഞതായിരുന്നു ശരി..

ആവശ്യമില്ലാതെ നാട്ടിൽ കിട്ടുന്ന സാധനങ്ങൾ മുഴുവൻ വാരി വലിച്ചു കൊണ്ട് പോയി കൊടുക്കുമ്പോൾ പിന്നെയും കുറ്റം മാത്രമേ നമുക്ക് ബാക്കി ഉണ്ടാവൂ.. വിമാന കമ്പനി ലഗേജ് അനുവദിച്ചത് കൊണ്ട് അത് കണക്കാക്കി കൊണ്ട് പോകൽ ഒരു ഒട്ടകത്തെ അറുത്ത് വാരി കൊടുത്ത കൂലി കിട്ടുന്ന ഫർളും കൊണ്ടു പോയിട്ടില്ലെങ്കിൽ ആധാർ കാർഡ് കിട്ടൂലാന്നൊക്കെ തോന്നുന്നവരാണ് നമ്മൾ..

പത്രാസൊക്കെ നിർത്താനുള്ള സമയമായിട്ടുണ്ട് പ്രവാസികളെ… നമ്മൾ സാധനങ്ങൾ ആവശ്യമില്ലാതെ വാങ്ങി കൊണ്ട് പോകുന്നതിനു പകരം ആ ക്യാഷ് കയ്യിൽ വെച്ചാൽ നമുക്ക് കടം വാങ്ങാതെ ഒരു മാസമെങ്കിലും വീട്ടുകാരോടൊപ്പം നിൽക്കാൻ കഴിയില്ലേ..? നാട്ടിൽ പോയി അവർക്ക് ആവശ്യമുള്ളത് വാങ്ങി കൊടുത്താലും പൈസ ബാക്കി വരും കാരണം ചിലവാക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കും. ഇനിയിപ്പൊ ഒന്നും വാങ്ങാതെ പോയി എന്നിരിക്കട്ടെ ഇത്രയും മാസം നാട്ടിൽ ഉള്ളവർക്ക് വേണ്ടി ജീവിച്ചിട്ട് വീട്ടിലേക്ക് ചെല്ലാൻ എന്തിനാ ഇത്രേം സാധനം ങ്ങേ.. !!

ഗൾഫിലെ സോപ്പ് കൊണ്ട് കുളിച്ചാൽ സൗന്ദര്യം കൂടും, പാത്രം കഴുകുന്ന ലിഖ്യിഡ് കൊണ്ട് പോയില്ലെങ്കിൽ നാട്ടിലെ പാത്രങ്ങൾ വെളുക്കില്ല, ടാങ്കും, പാൽപ്പൊടിയും കൊണ്ട് പോയില്ലെങ്കിൽ വീട്ടിൽ വിരുന്നുകാർ വരില്ല , ഗൾഫിലെ കത്തി കൊണ്ടു മുറിച്ചാൽ പെട്ടെന്ന് മുറിയും, ഇങ്ങനെ മാറ്റേണ്ടതായ ചേമ്പിലെ കുറെ ചിന്തകൾ നമുക്കുണ്ട്..

കൂടെ പറയട്ടെ ആവശ്യമുള്ള വസ്തുക്കൾ കൊണ്ടു പോവുന്നതിൽ ഒരു തെറ്റുമില്ല.. പറഞ്ഞു വന്നത് മുപ്പത് കിലോയും ആവശ്യമുള്ളതല്ല നമ്മൾ കൊണ്ടു പോവാറ് അതാണ്‌ നമ്മൾ മാറ്റേണ്ടത്.. മുപ്പത് കിലോ ആക്കനല്ല നോക്കേണ്ടത് ആവശ്യമുള്ളത് രണ്ട് കിലോ ആണെങ്കിൽ അത് മാത്രമേ കൊണ്ടു പോകാവൂ അത് നമുക്ക് ഗുണം ചെയ്യും.. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ നമ്മൾ അശ്രദ്ധ കാണിക്കരുത് കൗമാരവും യൗവ്വനവും മാത്രമേ മരുഭൂമിയിൽ തീർക്കാൻ സാധിക്കൂ ഒറ്റക്കായി പോകുന്ന വാർദ്ധക്യം നമുക്ക് വരാനുണ്ട് അന്ന് കിട്ടിയവരും, വാങ്ങിയവരും ഒന്നും നമുക്ക് താങ്ങായി തണലായി ഉണ്ടായിക്കോളണമെന്നില്ല.

നമ്മൾ നാട്ടിൽ പോകാനായി തുടങ്ങുമ്പോൾ നാട്ടിലേക്ക് പൈസ അയക്കാതെയും, കടം വാങ്ങിയും അനാവശ്യമായി സാധനങ്ങൾ പെട്ടിയിലാക്കി പേരോട്ടിച്ച് കൊണ്ട് പോകുന്നതൊക്കെ നമുക്ക് മുൻപ് മരുഭൂമിയിൽ വന്ന ആരൊക്കെയോ തുടങ്ങി വെച്ച ഒരു ചടങ്ങാണ്. അതൊക്കെ പൊളിച്ചെഴുതേണ്ട സാഹചര്യങ്ങളിലൂടെയാണ് ഗൾഫ് നാടുകളിൽ നമ്മളിപ്പോൾ കടന്നു പോകുന്നത്.. കഷ്ടപെട്ടുണ്ടാക്കുന്ന പൈസ കൊണ്ട് നമ്മൾ വീട്ടുകാരുടെ കൂടെ നിൽക്കാൻ ശ്രമിച്ചാൽ അത് നമുക്ക് ജീവിതമെങ്കിലും സമ്മാനിക്കും..

ചിന്തിക്കുന്നവർക്കൊക്കെ മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കും.. അവർക്ക് അന്ന് മനസ്സിലാവും ആ ഇക്ക പറഞ്ഞതിന്റെയൊക്കെ പൊരുൾ.. !

ഇതൊക്കെ കണ്ടാലും, ആരൊക്കെ ഉപദേശിച്ചാലും സ്വന്തം മക്കൾക്കും, നമ്മുടെ വീട്ടുകാർക്കും വേണ്ടിയല്ലേ അതൊന്നും സാരമില്ല എന്ന് പറഞ്ഞ് നെടുവീർപ്പിടാനേ നമുക്ക് കഴിയൂ കാരണം അവർക്ക് വേണ്ടിയാണല്ലോ സ്വപ്നങ്ങളൊക്കെ പിറന്ന നാട്ടിൽ കുഴിച്ചു മൂടി കൂടപ്പിറപ്പുകളുടെ ജീവിതമെന്ന ഒരൊറ്റ ലക്ഷ്യം മാത്രം സ്വപ്നം കണ്ട് കരിപ്പൂരിൽ നിന്നും, നെടുമ്പാശ്ശേരിയിൽ നിന്നും, ട്രിവാൻട്രത്ത് നിന്നുമൊക്കെ നമ്മൾ വിമാനം കയറിയത്… 😥

ആ ഇക്കയെ പോലെ
ഇനിയൊന്ന് മാറി ചിന്തിക്കാൻ നമുക്ക് ശ്രമിക്കാം..

സ്നേഹത്തോടെ
റഷീദ് എം ആർ ക്കെ – സലാല.

Leave a Reply

Your email address will not be published. Required fields are marked *